Tuesday, June 14, 2011



കേട്ടറിവിൻ സുഖങ്ങളെ പ്രണയിച്ച്
മാനസമെപ്പൊഴോ  കനവുകൾ കണ്ടു..
കണ്ണീർക്കണങ്ങളിൽ മഴവില്ല് കാണുവാൻ
കാലമാ കനവിനെ നുള്ളി നോവിച്ചു..
നോവിന്റെ മിഴിയിലുറഞ്ഞൊരാ നീർത്തുള്ളിയെ
കാലത്തിനായി കൺപീലി കാത്തിട്ടും
കുസൃതിയാം കാറ്റതുതട്ടി കവിളിലേക്കിട്ടു..
കാലം കലി കൊണ്ടു..കാറ്റോ.. ചിരിച്ചു..
മുറിവേറ്റ കനവിലോ..മൌനം നിറഞ്ഞു...
കർണ്ണപുടങ്ങളിൽ കാറ്റ് മൊഴിഞ്ഞു..
കാലത്തിനൊപ്പം കണ്ണുനീർ തൂകേണ്ട..
സാന്ത്വനമായി പ്രതീക്ഷകളില്ലയോ... 
ഓർമ്മകളെല്ലാം മധുരിക്കയില്ലെങ്കിലും
ഓർമ്മകളെന്നത് ഉണർവുകളല്ലയോ..
അറിയാതെ പുഞ്ചിരി തൂകിയോ അധരങ്ങൾ..
ആത്മാവിലെങ്ങോ കുളിർ തൂവിയോ ഓർമ്മകൾ.. 
കാലമെൻ മുൻപിൽ കളിക്കളമായി..
കാറ്റെനിക്കന്ന് കളിത്തോഴനായി..
കണ്ണീരുറയുമ്പൊഴൊക്കെയും വന്നെത്തീ..
കവിളിൽ തലോടി കണ്ണീരുണക്കുന്ന തോഴൻ..
രാവു മാഞ്ഞെന്നും  പുലരി വരും പോലെ..
കനവ് മാഞ്ഞാലും നിനവായ് തളിർക്കുന്നു പിന്നെയും ..
നിനവിന്റെ കാഴ്ചയിൽ പ്രതീക്ഷകൾ ഉണരുമ്പോൾ... 
നിറയുന്നതൊക്കെയും മായാത്ത ഓർമ്മകൾ..
കാറ്റിൻ കരങ്ങളാൽ കൺപീലിയടയുമ്പോൾ..
കാലം കൺപാർത്ത മിഴിനീരു പൊലിയുന്നു..
കാറ്റുണ്ട് കൂട്ടിന്... കിനാക്കളിൽ പ്രതീക്ഷയും..
കാലവും ഞാനും  പിന്നെയും പിന്നെയും ബാക്കി...

No comments:

Post a Comment