Tuesday, June 14, 2011

നിനവ്

“കവിത തൂവും നിനവുകളായിരുന്നെന്നും..
കാവ്യങ്ങളോടുള്ള പ്രണയമായ് ജീവിതം..
ദു:ഖവാഹികൾ വീണ് നനയും മനസ്സിലെ
ചിന്തയാം ചിതലകറ്റിയ കാവ്യാംശസാന്ത്വനം..

ചിത്തമെന്നോ ഓർമ്മകൾ ചികഞ്ഞപ്പോൾ
കേട്ടറിവിലെ കവിതയിൽ കൊരുത്തുപോയ്
അതോർത്തു ചൊല്ലി വ്യാഖ്യാനവീഥിയിൽ പെറ്റിടെ
ചിതറിതെറിച്ചു പോയതാണെൻ കാവ്യാംശം..
കേട്ടറിവിൻ പതിരിലുരിഞ്ഞിട്ട വാക്കിന്റെ
പാതിയർത്ഥം പോലുമറിയാതെ നിൽക്കുമ്പോൾ..
പുനർവ്യാഖ്യാനവാചികൾ നൽകിയ
നാനാർത്ഥസൂചിക മാത്രമായ് കൈമുതൽ..
ശൂന്യത പൂണ്ടു നിശബ്ദമായ് മനസ്സപ്പോൾ
സ്വരമകന്നു നിലച്ചുപോയ് ചൊടികളും.
നഷ്ടകാവ്യാംശബോധം നിറഞ്ഞതിനാലാവാം
നോവുറഞ്ഞുള്ള നിശ്വാസങ്ങളിൽ പോലും
നാവറിയാതെ അപസ്വസ്വരങ്ങളെ പെറ്റിട്ടു..
വിഷാദം പുതച്ചിട്ടും മിഴികൾ പിടയുന്നു ..
കവിളിണകളിൽ ചുടുകണം പൊഴിയുന്നു..

കാവ്യഗീതികൾ മാത്രമായ് കേട്ടിട്ടും
കരുണ ചെയ്തില്ലാ നിനവും കിനാക്കളും..
നിലച്ചു പോയൊരു ചിന്താസരണിയാൽ
മിഴിനീരുറഞ്ഞു തോരാതെ പെയ്യുന്നു..
പ്രണയപൂർവ്വം നുകർന്നതെന്നാകിലും
വിറ കൊണ്ടു..വിതുമ്പിക്കരഞ്ഞു പോയധരങ്ങൾ..
വാക്കിടറീട്ടും..വികലമായ് ചൊല്ലി..
വികടതയ്കായിരിക്കാമിനിയുള്ള നാളെകൾ..
കണ്ണീരുറഞ്ഞ് മങ്ങുന്നു കാഴ്ചകളെങ്കിലും
കാവ്യമലിഞ്ഞ കാലത്തിലേക്കുള്ള
കാലടികൾ തേടി യാത്ര തുടങ്ങയായ്..
ചിതലു തിന്നൊരാ ഭാഷാഗൃഹത്തിന്റെ
ജീർണ്ണതയിലേക്കാണിനിയെൻ യാത്ര
കാലമളന്ന കാവ്യങ്ങളെ തേടുന്നയീ
യാത്ര നേടാം അർത്ഥാന്തരങ്ങളെങ്കിലും..
ഭാഷയുറഞ്ഞ ദിക്കു തിരയുന്നയീ-
യാത്ര മാത്രം ശേഷിപ്പൂനിനവായ്‌

No comments:

Post a Comment